ന്യൂഡൽഹി: കഴിഞ്ഞ വർഷം കശ്മീരിലെ പഹൽഗാമിൽ ടൂറിസ്റ്റുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ നിർണായക കണ്ടെത്തലുമായി ദേശീയ അന്വേഷണ ഏജൻസി (NIA). ആക്രമണ സമയത്ത് ഭീകരർ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ‘ഗോപ്രോ’ ക്യാമറ ചൈനയിൽ നിന്നാണ് വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്യാമറയുടെ ഉറവിടത്തെക്കുറിച്ചും അത് വാങ്ങിയ വ്യക്തിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൈനീസ് സർക്കാരിന്റെ സഹായം തേടാൻ എൻ.ഐ.എ തീരുമാനിച്ചു.
ആക്രമണസ്ഥലത്തുനിന്ന് കണ്ടെടുത്ത ‘ഗോപ്രോ ഹീറോ 12 ബ്ലാക്ക്’ ക്യാമറയെക്കുറിച്ച് എൻ.ഐ.എ നടത്തിയ പരിശോധനയിലാണ് ചൈനീസ് ബന്ധം പുറത്തുവന്നത്. ക്യാമറയുടെ നിർമ്മാതാക്കളായ നെതർലൻഡ്സിലെ ഗോപ്രോ ബി.വി-യിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ഈ ഉപകരണം ചൈനയിലെ ‘എ.ഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ്’ എന്ന വിതരണക്കാർക്കാണ് നൽകിയിരുന്നത്.
2025 ഏപ്രിൽ 22-നാണ് പഹൽഗാമിലെ ബൈസരൻ മെഡോയിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായത്. ഒരു നേപ്പാളി സ്വദേശിയുൾപ്പെടെ 26 പേർ ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

