തൃശൂർ: സംഘർഷാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സർക്കാർ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്കായി എംബസികൾ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധസമാനമായ സാഹചര്യമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആവശ്യമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി നൽകി വരുന്നുണ്ട്.നിലവിലെ സംഘർഷ സാഹചര്യം കാരണം പലയിടങ്ങളിലും വ്യോമഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ഇത് പ്രവാസികളുടെ യാത്രയെ ബാധിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.നിലവിലെ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സ്വയം സുരക്ഷിതരായിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി പ്രവാസികളോട് അഭ്യർത്ഥിച്ചു.
തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയത്.

