ഈ വര്‍ഷം ഓസ്ട്രേലിയയില്‍ ഉണ്ടായത്,ഒന്‍പത് ചുഴലിക്കാറ്റുകള്‍, നാല് ചുഴലിക്കാറ്റുകള്‍ക്ക് കൂടി സാധ്യത,മുന്നറിയിപ്പ് നല്കി അധികൃതര്‍

ബ്രിസ്‌ബേൻ: നോർത്ത് ക്വീൻസ്‌ലൻഡിൽ വരും ദിവസങ്ങളിൽ 300 മില്ലീമീറ്റർ വരെ അതിതീവ്ര മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ രൂപപ്പെട്ടിരിക്കുന്ന ‘ട്രോപ്പിക്കൽ ലോ 29U’ എന്ന ന്യൂനമർദ്ദം ഇന്ന് മുതൽ തെക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമെന്നും വെള്ളിയാഴ്ചയോടെ ക്വീൻസ്‌ലൻഡ് തീരം മുറിച്ചുകടക്കുമെന്നുമാണ് പ്രവചനം.

നാളെ മുതൽ കുക്ടൗൺ മുതൽ ടൗൺസ്‌വിൽ വരെയുള്ള മേഖലകളിൽ 50 മില്ലീമീറ്റർ മുതൽ 100 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ഇത് 200 മുതൽ 300 മില്ലീമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്ന് സീനിയർ മെറ്റീരിയോളജിസ്റ്റ് ഇലാന ചെർണി അറിയിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യത കുറവാണെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇതിനുള്ള സാധ്യത വർദ്ധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വടക്കൻ ഓസ്‌ട്രേലിയയിലുടനീളമുള്ള മൺസൂൺ പാത്തിയാണ് നിലവിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് കാരണം. നിലവിൽ മഴ പെയ്തുകൊണ്ടിരിക്കുന്ന ഫാർ നോർത്ത് ക്വീൻസ്‌ലൻഡിൽ പുതിയ മഴ കൂടി എത്തുന്നതോടെ പ്രളയസാധ്യത വർദ്ധിച്ചിട്ടുണ്ട്. ഡെയ്‌ൻട്രീ മുതൽ ടൗൺസ്‌വിൽ വരെയുള്ള വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ ഇതിനോടകം തന്നെ വെള്ളപ്പൊക്ക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഗൾഫ് ഓഫ് കാർപെന്റാരിയയിൽ ’31U’ എന്ന മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നോർത്തേൺ ടെറിട്ടറിയിലേക്ക് കടക്കാനാണ് സാധ്യത. ഇതിന് ചുഴലിക്കാറ്റായി മാറാൻ 10 മുതൽ 15 ശതമാനം വരെ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു. നവംബറിൽ ആരംഭിച്ച് ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ ഇതുവരെ ഒൻപത് ചുഴലിക്കാറ്റുകളാണ് ഓസ്‌ട്രേലിയയിൽ ഉണ്ടായത്. വരാനിരിക്കുന്ന അടുത്ത നാല് ചുഴലിക്കാറ്റുകൾക്ക് നരേൽ ഒറാൻ , പെറ്റ, റിയോർഡൻ (Riordan) എന്നിങ്ങനെയായിരിക്കും പേര് നൽകുക

Leave a Reply

Your email address will not be published. Required fields are marked *