ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിൽ എംബിബിഎസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ ആകാശ് പാണ്ഡെ (22) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ആകാശും സുഹൃത്തുക്കളും രണ്ട് ബൈക്കുകളിലായി മൊഹദ്ദിപൂർ ഓവർബ്രിഡ്ജിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഈ സമയത്ത് അമിതവേഗത്തിലെത്തിയ ഫോർച്യൂണർ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആകാശ് പാണ്ഡെ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ആകാശിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഒരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ ഓടിച്ചിരുന്ന ഗോൾഡൻ സാഹ്നി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

