വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ അത്യാധുനിക ഡ്രോൺ കാരിയർ കപ്പലായ ‘ഷാഹിദ് ബഗേരി’ യുഎസ് സൈന്യം തകർത്തു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു.
ഇറാന്റെ പക്കലുള്ള ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ ‘ഷാഹിദ് ബഗേരി’ ആക്രമണത്തിൽ തകർന്നു. ഡ്രോണുകളെയും ഹെലികോപ്റ്ററുകളെയും വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ ഇറാന്റെ നാവിക കരുത്തിന്റെ പ്രതീകമായിരുന്നു. ഇതിനു തൊട്ടുപിന്നാലെ തങ്ങളുടെ ഒരു യുദ്ധക്കപ്പൽ ഇറാൻ മുക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.

