ക്വീൻസ്ലൻഡ്: ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഗോൾഡ് കോസ്റ്റിലെ ലാമിംഗ്ടൺ നാഷണൽ പാർക്കിൽ അതീവ അപകടകാരികളായ തീ ഉറുമ്പുകളുടെ കൂട് കണ്ടെത്തി. വനത്തിനുള്ളിലെ ഒരു തെളിഞ്ഞ പ്രദേശത്താണ് ഇവയുടെ കൂട് കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ തന്നെ ഇൻവേസീവ് സ്പീഷീസ് കൗൺസിൽ ഇടപെട്ട് ഉറുമ്പുകൂട് നശിപ്പിച്ചു. കൃഷിയെയും തദ്ദേശീയ വന്യജീവികളെയും ഒരുപോലെ നശിപ്പിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും അപകടകാരികളായ അധിനിവേശ ജീവിവർഗ്ഗങ്ങളിലൊന്നാണ് ഈ ചെറിയ ചുവന്ന തീ ഉറുമ്പുകൾ.
ലോകത്തിലെ ഏറ്റവും പുരാതനവും മനോഹരവുമായ മഴക്കാടുകൾക്കുള്ളിൽ ഇത്തരം ഉറുമ്പുകളുടെ സാന്നിധ്യം കണ്ടെത്തുന്നത് അതീവ ആശങ്കാജനകമാണെന്ന് ഇൻവേസീവ് സ്പീഷീസ് കൗൺസിൽ പ്രതിനിധി റീസ് പിയാന്റ പറഞ്ഞു. “ഇത്തരം പ്രദേശങ്ങൾ അധിനിവേശ വർഗ്ഗങ്ങളുടെ കടന്നുകയറ്റത്തിൽ നിന്ന് മുക്തമായിരിക്കേണ്ടതാണ്. സാധാരണഗതിയിൽ മഴക്കാടുകൾ തീ ഉറുമ്പുകളുടെ സ്വാഭാവിക വാസസ്ഥലമല്ല. എന്നാൽ ഇവ എത്രത്തോളം അപകടകാരികളും എന്തിനോടും പൊരുത്തപ്പെടുന്നവരുമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഓസ്ട്രേലിയയുടെ എല്ലാ ഭാഗങ്ങളും ഈ ഭീഷണിയിലാണെന്നത് ഗൗരവകരമാണ്,” അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം ഉറുമ്പുകൾ വ്യാപിക്കുന്നതിന് മുൻപ് തന്നെ കൂട് നശിപ്പിക്കാൻ സാധിച്ചു. ഇത് വനമേഖലയ്ക്ക് വലിയ സംരക്ഷണമായി. എന്നാൽ, ഇത്തരം ഉന്മൂലന പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിന് ഫണ്ട് ലഭിക്കുന്നതിലുണ്ടാകുന്ന താമസം തിരിച്ചടിയായേക്കുമെന്ന് പിയാന്റ മുന്നറിയിപ്പ് നൽകി. 2032-ഓടെ ഓസ്ട്രേലിയയിൽ നിന്ന് തീ ഉറുമ്പുകളെ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് പ്രതിവർഷം 200 മുതൽ 300 ദശലക്ഷം ഡോളർ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്

