ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഇറാൻ. ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് നിർണ്ണായകമായ ഈ തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
തങ്ങൾക്ക് നേരെ തിരിച്ചാക്രമണം ഉണ്ടാകാത്തിടത്തോളം കാലം അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പശ്ചിമേഷ്യയിൽ യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണ്ണായക ഇടപെടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

