ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും ബംഗാൾ സർക്കാരിനോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് കത്തയച്ചു. സന്ദർശന വേളയിലുണ്ടായ ഗുരുതരമായ വീഴ്ചകളിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമായും നാല് കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.രാഷ്ട്രപതിക്കായി സജ്ജീകരിച്ചിരുന്ന ശുചിമുറിയിൽ വെള്ളം ലഭ്യമായിരുന്നില്ല.സന്ദർശനത്തിനായി നിശ്ചയിച്ച യാത്രാമാർഗ്ഗത്തിൽ മാലിന്യങ്ങൾ നിറഞ്ഞു കിടന്നിരുന്നത് ഗൗരവകരമായ വീഴ്ചയായി കേന്ദ്രം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ ഡിജിപിയോ സന്നിഹിതരാകാതിരുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.
ഡാർജിലിങ് ജില്ലാ മജിസ്ട്രേട്ട്, സിലിഗുരി പൊലീസ് കമ്മിഷണർ എന്നിവർ പരിപാടിയിൽ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. രാഷ്ട്രപതിയുടെ പരിപാടിയിൽ താൻ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും ഇവിടെ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ബിജെപി രാഷ്ട്രപതിയുടെ പദവിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.അതേസമയം, ബംഗാൾ സർക്കാരിന്റെ നടപടി നാണക്കേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തിലെ സുരക്ഷാ വീഴ്ചകൾ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

