ഡാർവിൻ നദി കരകവിഞ്ഞു: ഒന്നര ലക്ഷത്തോളം ജനങ്ങൾ കുടിവെള്ളം തിളപ്പിച്ചുപയോഗിക്കണമെന്ന് കർശന നിർദ്ദേശം

ഡാർവിൻ: കനത്ത മഴയെത്തുടർന്ന് ഡാർവിൻ നദിയിലെ ഡാം റെക്കോർഡ് ശേഷി പിന്നിട്ട് കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ, നഗരവാസികൾക്ക് കുടിവെള്ളത്തിന്റെ കാര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി നോർത്തേൺ ടെറിട്ടറി ആരോഗ്യവകുപ്പ്. ഡാർവിനിലും പരിസരപ്രദേശങ്ങളിലുമുള്ള ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങൾ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുഞ്ഞുങ്ങൾക്കുള്ള ആഹാരം തയ്യാറാക്കാനും പല്ല് തേക്കാനും തിളപ്പിച്ചാറ്റിയ വെള്ളമോ കുപ്പിവെള്ളമോ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ അറിയിച്ചു.

ഈ വർഷം തുടക്കം മുതൽ ലഭിച്ച അതിശക്തമായ മഴയെത്തുടർന്ന് ഡാം 110 ശതമാനത്തിലധികം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരം 4.30 ഓടെ ഡാമിലെ പമ്പ് സ്റ്റേഷനിൽ വെള്ളം കയറുകയും പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു. ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും വലിയ ജലപ്രവാഹമാണ് ഡാമിൽ അനുഭവപ്പെടുന്നതെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നും കുടിവെള്ള വിതരണക്കാരായ പവർവാട്ടർ വ്യക്തമാക്കി.

പമ്പ് സ്റ്റേഷനിലെ തകരാറുകൾ പരിഹരിക്കുന്നത് വരെ ജലഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കുളിക്കുന്ന സമയം കുറയ്ക്കുക, ടാപ്പുകൾ അനാവശ്യമായി തുറന്നിടാതിരിക്കുക, നനയ്ക്കാനായി വെള്ളം ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണം. ഡാമിലെ പമ്പിംഗ് പുനഃസ്ഥാപിക്കാൻ ജനറേറ്ററുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ വിദഗ്ധ സംഘം നടത്തിവരികയാണ്.

നിലവിൽ മക്മിൻസ് , ഹോവാർഡ് ഈസ്റ്റ് എന്നിവിടങ്ങളിലെ ബോർഫീൽഡുകൾ പ്രവർത്തന സജ്ജമാക്കിയാണ് ഭാഗികമായി ജലവിതരണം നടത്തുന്നത്. ഡാമിലെ പമ്പിംഗ് പൂർണ്ണതോതിലാകുകയും വെള്ളം സുരക്ഷിതമാണെന്ന് പവർവാട്ടർ സ്ഥിരീകരിക്കുകയും ചെയ്യുന്നത് വരെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനുള്ള നിർദ്ദേശം നിലനിൽക്കും. ഡാർവിൻ നഗരത്തിന് ആവശ്യമായ 85 ശതമാനം വെള്ളവും ഈ ഡാമിൽ നിന്നാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *