പാർട്ടി വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയ്യാറാകാതെ മുതിർന്ന നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

താൻ പാർട്ടി അംഗത്വം ഒഴിഞ്ഞതായും, പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുന്നതിന് പകരം പാർട്ടിയിൽ നിന്ന് മാറി നിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താൻ മാറിനിൽക്കുന്നതോടെ പാർട്ടിക്ക് ഇനി താൻ കാരണം തലവേദന ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരത്തിനായി ആരുടെയും പിന്തുണ താൻ തേടിയിട്ടില്ലെന്നും, പിന്തുണയുമായി ആരും സമീപിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം പറയാനാകില്ലെന്നും, അത് ലഭിക്കുന്ന പിന്തുണയുടെ സ്വഭാവം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ആശയങ്ങളെയും ആദർശങ്ങളെയും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാർട്ടിക്കുള്ളിലെ നിലവിലെ വിവാദങ്ങളെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും, അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടരുമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *