ചെന്നൈ: ഇന്ത്യൻ സാഹിത്യരംഗത്തെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ലഭിച്ചു. സാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2025-ലെ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നത്.
ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. അഖിലൻ (1975), ജയകാന്തൻ (2002) എന്നിവരാണ് ഇതിനുമുമ്പ് ഈ ബഹുമതി ലഭിച്ച തമിഴ് സാഹിത്യകാരന്മാർ.
1972-ൽ ‘വൈഗരൈ മേഘങ്ങൾ’ എന്ന കവിതാ സമാഹാരത്തിലൂടെയാണ് വൈരമുത്തു തന്റെ സാഹിത്യ യാത്ര ആരംഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ 40-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.തമിഴ് ചലച്ചിത്ര മേഖലയിൽ 7,500-ഓളം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ വ്യക്തിയാണ് അദ്ദേഹം.
പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘കള്ളിക്കാട്ടു ഇതിഹാസം’ എന്ന നോവലിന് 2003-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

