പെണ്‍കുട്ടിയുടെ കയ്യിലിരുന്ന വാട്ടര്‍ പിസ്റ്റള്‍ വിദ്യാലയത്തില്‍ ഭീതി പടര്‍ത്തി;ടിക് ടോക് ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ്

സിഡ്‌നി: വൈറൽ ടിക് ടോക് ഗെയിമായ ‘സീനിയർ അസ്സാസിൻ’ കളിക്കുന്നതിനിടെ കയ്യിൽ വാട്ടർ പിസ്റ്റൾ കരുതിയ പെൺകുട്ടിയെ കണ്ട് വിദ്യാലയം ലോക്ക്ഡൗണിലായി. കഴിഞ്ഞ ചൊവ്വാഴ്ച കാംബെൽടൗൺ ടേഫ് ക്യാമ്പസിലായിരുന്നു സംഭവം. കയ്യിൽ തോക്കുമായി ഒരാൾ നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് അടിയന്തര സേവന വിഭാഗവും പോലീസും സ്ഥലത്തെത്തുകയായിരുന്നു.

പരിശോധനയിൽ 16 വയസ്സുകാരിയുടെ കയ്യിലുണ്ടായിരുന്നത് വെറുമൊരു വാട്ടർ പിസ്റ്റൾ മാത്രമാണെന്ന് വ്യക്തമായി. സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുള്ള ‘സീനിയർ അസ്സാസിൻ’ എന്ന കളിയുടെ ഭാഗമായാണ് കുട്ടി ഇത് കൈവശം വെച്ചത്. നിശ്ചിത വ്യക്തിയെ വാട്ടർ ഗൺ ഉപയോഗിച്ച് നനയ്ക്കുക എന്നതാണ് ഈ കളിയുടെ രീതി. എന്നാൽ ദൂരെ നിന്ന് നോക്കുമ്പോൾ ഇത് യഥാർത്ഥ തോക്കാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് പരിഭ്രാന്തിക്ക് കാരണമായത്.

സംഭവത്തെത്തുടർന്ന് പോലീസ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. വിനോദത്തിനായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് എൻ.എസ്.ഡബ്ല്യു പോലീസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. “ദൂരെ നിന്ന് നോക്കുമ്പോൾ ഇവ യഥാർത്ഥ തോക്കുകളായി തോന്നാം. തോക്കുമായി ഒരാളെ കണ്ടുവെന്ന് റിപ്പോർട്ട് ലഭിച്ചാൽ പോലീസ് അത് ഗൗരവകരമായ ഭീഷണിയായി മാത്രമേ കാണൂ. ആ നിമിഷത്തിൽ അതൊരു കളിയാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

2010-കളിൽ ഗോസിപ്പ് ഗേൾ, ഐകാർലി തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ ഗെയിം അടുത്തിടെയാണ് ടിക് ടോക്കിലൂടെ വീണ്ടും സജീവമായത്. തമാശയായി തുടങ്ങുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് മാറുമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *