സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെതിരെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയെന്ന കേസിൽ യുവാവിനെതിരെയുള്ള ഗുരുതരമായ കുറ്റം പ്രോസിക്യൂഷൻ പിൻവലിച്ചു. ബീക്കൺ ഹിൽ സ്വദേശിയായ നഥാൻ ബല്ലെസ്റ്റി (27) എന്ന യുവാവിനെതിരെയുള്ള ‘ഗുരുതരമായ ഉപദ്രവം ഭീഷണിപ്പെടുത്തുക’ (Threatening serious harm) എന്ന കുറ്റമാണ് ഒഴിവാക്കിയത്.
കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ ഓൺലൈനിൽ പോസ്റ്റിട്ടതിന് ബല്ലെസ്റ്റി അറസ്റ്റിലായത്. ഡിസ്കോർഡ് (Discord) എന്ന മെസ്സേജിങ് പ്ലാറ്റ്ഫോമിലൂടെയാണ് ഇയാൾ വിദ്വേഷ സന്ദേശങ്ങൾ അയച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ, തന്റെ താമസസ്ഥലമായ ബീക്കൺ ഹില്ലിൽ പൊതുസ്ഥലത്ത് വെച്ച് നാസി സല്യൂട്ട് ചെയ്തെന്ന കുറ്റവും ഇയാൾക്കെതിരെയുണ്ട്.
പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയിൽ നേരത്തെ ചുമത്തിയ കുറ്റത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ഈ കുറ്റം ഒഴിവാക്കി താരതമ്യേന ശിക്ഷ കുറഞ്ഞ ‘ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് വഴി ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുക’ (Using a carriage service to menace or offend) എന്ന വകുപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി മൂന്ന് വർഷം വരെയാണ് തടവ് ലഭിക്കുക.
നിലവിൽ നാസി സല്യൂട്ട് ഉൾപ്പെടെയുള്ള 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബറിൽ ഫെഡറൽ പോലീസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബല്ലെസ്റ്റിയെ മെയ് മാസത്തിൽ വീണ്ടും കോടതിയിൽ ഹാജരാക്കും. എം.പിമാർക്കും ഭരണഘടനാ പദവിയിലുള്ളവർക്കും നേരെ ഉയരുന്ന ഭീഷണികൾ നേരിടാൻ കർശന നടപടികളാണ് ഫെഡറൽ പോലീസ് സ്വീകരിച്ചു വരുന്നത്.

