കീവ്: ഉക്രെയ്നിലെ വിവിധ നഗരങ്ങളിൽ റഷ്യ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള ജനവാസ മേഖലകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ശനിയാഴ്ച പുലർച്ചെ നടന്ന ഈ സൈനിക നീക്കത്തിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
കീവ് മേഖലയിലെ നാല് ജില്ലകളിലായി നടന്ന ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. റഷ്യൻ സൈന്യം ഏകദേശം 430 ഡ്രോണുകളും 68 മിസൈലുകളുമാണ് ഈ നീക്കത്തിനായി ഉപയോഗിച്ചതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി അറിയിച്ചു.
ഊർജ്ജ നിലയങ്ങളെ ലക്ഷ്യം വച്ചായിരുന്നു പ്രധാനമായും ആക്രമണം നടന്നതെങ്കിലും സാധാരണക്കാരുടെ വീടുകൾക്കും സ്കൂളുകൾക്കും മുകളിലേക്ക് മിസൈലുകളും ഡ്രോണുകളും പതിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

