കൊച്ചി: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് കൊച്ചി വീണ്ടും വേദിയാകുന്നു. എ.എഫ്.സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ഹോങ്കോംഗാണ് എതിരാളികൾ. മാർച്ച് 31-ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയിലെ സ്റ്റേഡിയം ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിനെ വരവേൽക്കുന്നത്. 2016 മാർച്ചിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുർക്ക്മെനിസ്ഥാനെതിരെ ഇന്ത്യ അവസാനമായി ഇവിടെ കളിച്ചത്.യോഗ്യതാ റൗണ്ടിൽ നിന്നും ഇരു ടീമുകളും നേരത്തെ തന്നെ പുറത്തായതിനാൽ, പോയിന്റ് പട്ടികയിൽ ഈ മത്സരത്തിന് വലിയ പ്രസക്തിയില്ല. എങ്കിലും, ഫിഫ റാങ്കിംഗിൽ സ്ഥാനം മെച്ചപ്പെടുത്താൻ ഇരുടീമുകൾക്കും ഈ മത്സരം നിർണ്ണായകമാണ്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) അധികൃതർ നേരത്തെ സ്റ്റേഡിയം സന്ദർശിച്ച് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ സുരക്ഷയും പരിസരത്തെ കടകൾ മാറ്റുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളും ഇതിനോടകം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും, അവസാന മത്സരം വിജയിച്ച് തലയുയർത്തി യോഗ്യതാ പോരാട്ടങ്ങൾ അവസാനിപ്പിക്കാനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഏറെ ആവേശത്തോടെയാണ് ഈ മത്സരത്തെ കാത്തിരിക്കുന്നത്.

