ന്യൂസിലാൻഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം

മൗണ്ട് മൗംഗനുയ്: ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 92 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കി നിൽക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 14.3 ഓവറിൽ വെറും 91 റൺസിന് പുറത്തായി. 26 റൺസെടുത്ത ജെയിംസ് നീഷമാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്‌കോറർ. മിച്ചൽ സാന്റ്‌നർ (15), കോൽ മക്‌കോഞ്ചി (15) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത്.ദക്ഷിണാഫ്രിക്കൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതാണ് ന്യൂസിലാൻഡിനെ തകർത്തത്.

എൻകോബനി മോകൊയെന മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജെറാൾഡ് കോട്സെ, ഒട്ട്നെയ്ൽ ബാർട്ട്മാൻ, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി കോന്നർ എസ്റ്റർഹുയ്സെൻ 45 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. ഡിയാൻ ഫോറെസ്റ്റർ (16), ജേസൺ സ്മിത്ത് (10) എന്നിവരും ടീമിന് മികച്ച പിന്തുണ നൽകി.

ന്യൂസിലാൻഡ് നിരയിൽ കൈൽ ജാമിസൺ, സക്കാറി ഫോൾക്ക്സ്, മിച്ചൽ സാന്റ്‌നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ വിജയത്തെ തടയാൻ അത് മതിയാകുമായിരുന്നില്ല. ഈ വിജയത്തോടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 എന്ന നിലയിൽ മുന്നിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *