സൺഷൈൻ കോസ്റ്റ്: ക്വീൻസ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലാസ്ഹൗസ് പർവതനിരയിലുണ്ടായ മലകയറ്റ അപകടത്തിൽ 18 വയസ്സുകാരി കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന കാമുകൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 10.30-ഓടെ മൗണ്ട് ബീർവയിലായിരുന്നു (Mount Beerwah) സംഭവം.
മരിച്ച പെൺകുട്ടിയുടെ സഹോദരി നോക്കിനിൽക്കെയാണ് ഇരുവരും മലയിടുക്കിലേക്ക് പതിച്ചത്. മലയിറങ്ങുന്നതിനിടെ പെൺകുട്ടി ഏകദേശം 60 മീറ്റർ താഴേക്ക് വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. ഏകദേശം 90 മീറ്ററോളം താഴേക്ക് പതിച്ച 18-കാരനായ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഹെലികോപ്റ്റർ മാർഗ്ഗം സൺഷൈൻ കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കനത്ത മഴയെത്തുടർന്ന് അപകടസാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ഒരാഴ്ചയായി മൗണ്ട് ബീർവ പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് ലംഘിച്ചാണ് സംഘം മലകയറിയത്. “കനത്ത മഴയെത്തുടർന്ന് പാറക്കെട്ടുകളിൽ ഉണ്ടായ അമിതമായ വഴുക്കലാണ് അപകടത്തിന് കാരണമായത്. ഇതൊരു വലിയ ദുരന്തമാണ്,” സീനിയർ സർജന്റ് കൈലി മക്ലെല്ലൻ പറഞ്ഞു.
അപകടസ്ഥലത്തുണ്ടായിരുന്ന പെൺകുട്ടിയുടെ സഹോദരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം മലകയറി സുരക്ഷിതമായി താഴെയെത്തിച്ചു. കനത്ത മഴ പെയ്താൽ പാറകൾ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ പ്രദേശം സന്ദർശിക്കരുതെന്ന് ക്വീൻസ്ലൻഡ് പാർക്സ് ആൻഡ് ഫോറസ്റ്റ് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച നിയന്ത്രണങ്ങൾ നീക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. സുരക്ഷാ കാരണങ്ങളാൽ മലകയറ്റത്തിനുള്ള നിരോധനം നീട്ടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

