കാൻബറ: ഓസ്ട്രേലിയയിൽ അഭയം തേടാനുള്ള തീരുമാനം പിൻവലിച്ച് ഇറാനിയൻ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ സെഹ്റ ഘാൻബരി നാട്ടിലേക്ക് മടങ്ങി. തനിക്കും സഹതാരങ്ങൾക്കും ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ച മാനുഷിക വിസ (Humanitarian Visa) വേണ്ടെന്ന് വെച്ചാണ് സെഹ്റയുടെ അപ്രതീക്ഷിത പിന്മാറ്റം. ഇവർ മലേഷ്യ വഴി ഇറാനിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
അഭയം തേടിയതിന് പിന്നാലെ ഇറാനിലുള്ള സെഹ്റയുടെ മാതാവിനെ റെവല്യൂഷണറി ഗാർഡ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കുടുംബത്തിന് മേലുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദമാണ് താരത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ആഴ്ച ഏഴ് ടീം അംഗങ്ങൾക്കാണ് ഓസ്ട്രേലിയ അഭയം നൽകിയത്. എന്നാൽ ഇതിൽ അഞ്ച് പേരും ഇതിനോടകം തീരുമാനം മാറ്റി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
താരങ്ങൾ തങ്ങളുടെ കുടുംബത്തിന്റെയും മാതൃരാജ്യത്തിന്റെയും സ്നേഹനിർഭരമായ ആലിംഗനത്തിലേക്ക് മടങ്ങുകയാണെന്ന് ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. “അമേരിക്കൻ-ഓസ്ട്രേലിയൻ പദ്ധതിയുടെ നാണംകെട്ട പരാജയം” എന്നാണ് ഇവർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
താരങ്ങൾക്ക് സുരക്ഷിതമായ ഭാവി നൽകാൻ തങ്ങളാലാകുന്നതെല്ലാം ചെയ്തെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു. “അവർക്ക് തീരുമാനമെടുക്കാൻ ആവശ്യമായ എല്ലാ അവസരങ്ങളും ഞങ്ങൾ നൽകി. എന്നാൽ അവർ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രയാസകരമായ തീരുമാനമെടുത്തതെന്ന് ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി.
ഏഷ്യ കപ്പ് മത്സരങ്ങൾക്കിടെ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് താരങ്ങൾക്കെതിരെ ഇറാനിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ടീം ബസ്സിൽ വെച്ച് താരങ്ങൾ സഹായത്തിനായി ആംഗ്യം കാണിച്ചത് വലിയ വാർത്തയായിരുന്നു. തങ്ങളെ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്ന ഭയമാണ് ഇവരെ ഓസ്ട്രേലിയയിൽ അഭയം തേടാൻ പ്രേരിപ്പിച്ചത്.

