കാൻബറ: പതിറ്റാണ്ടുകളായി ഓസ്ട്രേലിയൻ രാഷ്ട്രീയത്തിന്റെ അരികിലായിരുന്ന പൗളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടി, പ്രധാന രാഷ്ട്രീയ കക്ഷികളെ പിന്തള്ളി അപ്രതീക്ഷിത കുതിപ്പ് നടത്തുന്നു. കുടിയേറ്റം മുതൽ ഗർഭച്ഛിദ്രം വരെയുള്ള വിഷയങ്ങളിൽ ഫെഡറൽ സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ജനപിന്തുണ ആർജ്ജിക്കുന്ന പാർട്ടി, ഇപ്പോൾ രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണ്.
ഏറ്റവും പുതിയ ‘റിസോൾവ് പൊളിറ്റിക്കൽ മോണിറ്റർ’ സർവ്വേ പ്രകാരം വൺ നേഷൻ പാർട്ടിയുടെ വോട്ട് വിഹിതം 24 ശതമാനമായി ഉയർന്നു. ഇതോടെ മുഖ്യ പ്രതിപക്ഷമായ കോളിഷനെ (22%) അവർ പിന്നിലാക്കി. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ വോട്ടുകളിലും വൺ നേഷൻ വിള്ളലുണ്ടാക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടിയുടെ പിന്തുണ 31-ൽ നിന്ന് 29 ശതമാനമായി കുറഞ്ഞു. 2025-ലെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ അംഗസംഖ്യയിൽ 500 ശതമാനം വർദ്ധനവുണ്ടായതായി വൺ നേഷൻ അവകാശപ്പെടുന്നു.
മുൻ നാഷണൽസ് നേതാവ് ബാർണബി ജോയ്സ്, കോറി ബെർണാർഡി തുടങ്ങിയ പ്രമുഖ നേതാക്കൾ പൗളിൻ ഹാൻസനൊപ്പം ചേർന്നത് പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിച്ചു. എല്ലാ ഫെഡറൽ മണ്ഡലങ്ങളിലും ശാഖകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി ഇപ്പോൾ. ആന്റണി ആൽബനീസിന്റെയോ സൂസൻ ലേയുടെയോ നേതൃത്വത്തിൽ വോട്ടർമാർക്ക് വിശ്വാസമില്ലാത്തതാണ് തങ്ങളുടെ വളർച്ചയ്ക്ക് കാരണമെന്ന് വൺ നേഷൻ വക്താവ് പറഞ്ഞു.
1997-ൽ സ്ഥാപിതമായ കാലം മുതൽ കുടിയേറ്റത്തിനും ബഹുസ്വരതയ്ക്കും എതിരെയുള്ള നിലപാടുകളിലൂടെയാണ് പൗളിൻ ഹാൻസൻ ശ്രദ്ധിക്കപ്പെട്ടത്. ഓസ്ട്രേലിയ “ഏഷ്യക്കാരാൽ നിറയുന്നു” എന്ന തരത്തിലുള്ള അവരുടെ പഴയ പ്രസംഗങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്നും കുടിയേറ്റ നിയന്ത്രണം തന്നെയാണ് പാർട്ടിയുടെ പ്രധാന രാഷ്ട്രീയ ആയുധം.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വർദ്ധനയും വോട്ടർമാരെ പരമ്പരാഗത പാർട്ടികളിൽ നിന്ന് അകറ്റി വൺ നേഷനിലേക്ക് അടുപ്പിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

