ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ നീക്കം; പശ്ചിമേഷ്യയിൽ ആശങ്കയേറുന്നു

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.

ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്.പ്രത്യേക പരിശീലനം ലഭിച്ച മറീനുകളെ ഉപയോഗിച്ച് ദ്വീപ് നിയന്ത്രണത്തിലാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി പുറത്തുവരുന്നത്.ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ഇതിനോടകം തന്നെ തകർക്കപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു.

എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാൻ നിലവിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും എന്നാൽ ഭാവിയിൽ ദ്വീപിന് മേൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുടെ ഈ നീക്കം പശ്ചിമേഷ്യൻ മേഖലയിൽ വലിയ തോതിലുള്ള സൈനിക പ്രത്യാഘാതങ്ങൾക്കും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും വഴിതെളിക്കുമെന്ന് നിരീക്ഷകർ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *