ആലപ്പുഴ/കൊച്ചി: ലോകനന്മ മുൻനിർത്തി നിലവിലെ യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ഉപയോഗിക്കണമെന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (R.W.A.) ആലപ്പുഴ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് (Strait of Hormuz) മേഖലയിലുണ്ടായ സുരക്ഷാ പ്രതിസന്ധികൾ ക്രൂഡ് ഓയിൽ, പാചകവാതകം എന്നിവയുടെ കയറ്റുമതിയെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത് ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ധനക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഇതോടെ രൂക്ഷമായിരിക്കുകയാണ്. ഷിപ്പിംഗ് കമ്പനികൾ ഇൻഷുറൻസ് നിരക്കുകൾ വർദ്ധിപ്പിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായതായും അസോസിയേഷൻ വ്യക്തമാക്കി.
140 കോടിയിലധികം ജനങ്ങൾ വസിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രതിസന്ധികൾ വലിയ സാമൂഹിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. പാചകവാതകക്ഷാമം മൂലം ഹോട്ടലുകൾ, അനുബന്ധ സ്ഥാപനങ്ങൾ, സമുദ്രോത്പന്ന മേഖല എന്നിവയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണ്. ഇത് സാധാരണക്കാരുടെയും യാത്രക്കാരുടെയും ഭക്ഷണ സൗകര്യങ്ങളെപ്പോലും ബാധിക്കുന്നു. ഇന്ധന ലഭ്യത കുറയുന്നത് ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിലക്കയറ്റം മൂലം തൊഴിലാളികളും ഉദ്യോഗസ്ഥരും സമുദ്രോത്പന്ന മേഖലയിലുള്ളവരും കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാണ്.
എക്കാലവും ചേരിചേരാ നയം പിന്തുടരുന്ന ഇന്ത്യ, ഈ അവസരത്തിൽ തങ്ങളുടെ നയതന്ത്ര ശക്തി ഉപയോഗിച്ച് സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകണം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും, രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
റസിഡൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം കമാൽ എം മാക്കിയിൽ, ജില്ലാ പ്രസിഡൻ്റ് മുജീബ് റഹ്മാൻ, ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി റിയാസ് പുലരിയിൽ, ജില്ലാ സെക്രട്ടറി ബി.അൻഷാദ് അരൂർ,ജില്ലാ വൈസ്പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ, വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ ഗഫൂർ റാവുത്തർ, ജയശ്രീ ഉല്ലാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

