എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം ;തല ശുചിമുറിയിലെ വെള്ളത്തിൽ മുക്കി, മൂന്ന് സഹപാഠികൾ പിടിയിൽ

സിഡ്‌നി: സിഡ്‌നിയിലെ കിംഗ്‌സ്‌ഗ്രോവ് നോർത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് അഞ്ച് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചു. പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ഒരു സംഘം പെൺകുട്ടികൾ ചേർന്ന് മർദ്ദിക്കുകയും, നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കാൻ ശ്രമിക്കുകയും, തല ശുചിമുറിയിലെ വെള്ളത്തിൽ മുക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.

ആൺകുട്ടികളുടെ ശുചിമുറിയിൽ വെച്ചായിരുന്നു ഈ അതിക്രമം നടന്നത്. പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ അക്രമികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് മൂന്ന് തവണയോളം ടോയ്‌ലറ്റ് ബൗളിലെ വെള്ളത്തിൽ മുക്കിയതായും പലതവണ ഫ്ലഷ് ചെയ്തതായും ഇരയായ പെൺകുട്ടി വെളിപ്പെടുത്തി. അക്രമികളായ കുട്ടികൾ തങ്ങളുടെ പാദങ്ങളിൽ ഉമ്മ വെപ്പിക്കുകയും ഷൂ വായിൽ തിരുകി കയറ്റുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. പീഡനത്തിനൊടുവിൽ കുട്ടിയെ ഒരു വലിയ മാലിന്യ വീപ്പയിൽ ഉപേക്ഷിക്കുകയായിരുന്നു. “ഭൂമിയിലെ എന്റെ അവസാന ദിവസമാണിതെന്ന് ഞാൻ കരുതിപ്പോയി,” എന്ന് കരഞ്ഞുകൊണ്ട് പെൺകുട്ടി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 13-നും 15-നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. മകൾക്ക് നേരെ നടന്ന ക്രൂരതയുടെ വീഡിയോ മുഴുവനായി കാണാൻ തനിക്ക് സാധിച്ചില്ലെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദ്യാലയത്തിന് സാധിച്ചില്ലെന്നും പെൺകുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂൾ അധികൃതർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റം തികച്ചും അസ്വീകാര്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. അതിനിടെ, ദുരിതമനുഭവിക്കുന്ന പെൺകുട്ടിയെ സഹായിക്കാനായി ഓൺലൈൻ വഴി ഏകദേശം 15,000 ഡോളറോളം സമാഹരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *