സിഡ്നി: ഓസ്ട്രേലിയൻ തീരത്തേക്ക് ഒരു ബില്യൺ ഡോളർ (ഏകദേശം 100 കോടിയിലധികം) വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ, സിഡ്നി തുറമുഖത്ത് കുടുങ്ങിയ കപ്പൽ ജീവനക്കാരെ ന്യൂ സൗത്ത് വെയ്സ് പോലീസ് രക്ഷപ്പെടുത്തി. ജനുവരി 16-ന് ഫ്രഞ്ച് പോളിനേഷ്യക്ക് സമീപം വെച്ച് ഫ്രഞ്ച് നേവി തടഞ്ഞ ‘എംവി റെയ്ഡർ’ എന്ന കപ്പലിലെ 11 ജീവനക്കാരെയാണ് മാനുഷിക പരിഗണന കണക്കിലെടുത്ത് പോലീസ് സഹായിച്ചത്.
ഫ്രഞ്ച് നേവി കപ്പൽ തടഞ്ഞ സമയത്ത് 4.8 ടൺ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടലിൽ നിക്ഷേപിച്ച ശേഷം കപ്പലിന് യാത്ര തുടരാൻ അനുമതി നൽകിയെങ്കിലും, മൂന്നാഴ്ച മുൻപ് കുക്ക് ഐലൻഡിന് സമീപം വെച്ച് ഓസ്ട്രേലിയൻ അധികൃതർ ഇവർക്ക് പ്രവേശനം നിഷേധിച്ചു. ഇന്ധനവും ഭക്ഷണവും വെള്ളവും തീർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച പോർട്ട് കെംബ്ലയ്ക്ക് സമീപം വെച്ച് ക്യാപ്റ്റൻ നൽകിയ അപായ സന്ദേശത്തെ തുടർന്നാണ് സിഡ്നി വാട്ടർ പോലീസ് ഇടപെട്ടത്. നിലവിൽ ബിർച്ച്ഗ്രോവിലെ സ്നൈൽ ബേയിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.
ഹോണ്ടുറാസ്, ഇക്വഡോർ സ്വദേശികളായ ജീവനക്കാർ കപ്പലിൽ തന്നെ തുടരുകയാണ്. കപ്പൽ ഓസ്ട്രേലിയയിലെ പുതിയ ഉടമയ്ക്ക് കൈമാറാനായി പനാമയിൽ നിന്നാണ് തങ്ങൾ യാത്ര തുടങ്ങിയതെന്നാണ് ഇവർ അധികൃതരോട് പറഞ്ഞിരിക്കുന്നത്. ഇവർക്ക് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ജീവനക്കാരെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് ഫെഡറേഷൻ ആവശ്യപ്പെട്ടു. ബോർഡർ ഫോഴ്സ് ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകുന്നുണ്ട്.

