ഇന്ധനവിലയിൽ അമിത ലാഭമെടുപ്പ് ;എണ്ണക്കമ്പനികളുമായി അടിയന്തര കൂടിക്കാഴ്ച നടത്തി എ.സി.സി.സി.

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, കമ്പനികൾ അമിത ലാഭമെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിരീക്ഷണവുമായി ഓസ്‌ട്രേലിയൻ കോംപെറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ . ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ ആംപോൾ (Ampol), ബിപി (BP), ഷെവ്‌റോൺ (Chevron) തുടങ്ങി രാജ്യത്തെ പ്രമുഖ ഇന്ധന വിതരണ കമ്പനികളുടെ പ്രതിനിധികളെ എ.സി.സി.സി വിളിച്ചുവരുത്തി.

ഇറാൻ സംഘർഷത്തിന് മുൻപ് ലിറ്ററിന് 1.80 ഡോളർ ആയിരുന്ന പെട്രോൾ വില നിലവിൽ 2.20 ഡോളറിലേക്ക് ഉയർന്നിരിക്കുകയാണ്. ഡീസൽ വിലയാകട്ടെ 2.45 ഡോളറിലും എത്തിനിൽക്കുന്നു. ഈ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കാൻ ഇന്ധന കമ്പനികളോട് കമ്മീഷൻ ആവശ്യപ്പെട്ടു. പെട്രോൾ ലഭ്യത കുറയുകയും വില കുത്തനെ കൂടുകയും ചെയ്യുന്നത് സാധാരണക്കാരായ ഓസ്‌ട്രേലിയക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു.

വില നിശ്ചയിക്കുന്നതിൽ കമ്പനികൾ സുതാര്യത പുലർത്തണമെന്നും ഉപഭോക്താക്കളോട് സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കണമെന്നും എ.സി.സി.സി കമ്മീഷണർ അന്ന ബ്രേക്കി പറഞ്ഞു. കമ്പനികൾ തമ്മിൽ ചേർന്ന് കൃത്രിമമായി വില നിശ്ചയിക്കുകയോ വിതരണത്തിൽ ഒത്തുകളി നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എ.സി.സി.സി ചെയർ പേഴ്‌സൺ ജിന കാസ്-ഗോട്ട്ലിബ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനികൾ കൈമാറിയിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് വിതരണക്കാർ നീതിയുക്തമായി പെരുമാറണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *