വടക്കൻ ക്വീൻസ്‌ലാന്റിൽ ചുഴലിക്കാറ്റ് ഭീതി; ‘നരെല്ലി’ വെള്ളിയാഴ്ച കരതൊടും, അതീവ ജാഗ്രത

ബ്രിസ്‌ബെയ്ൻ: വടക്കൻ ക്വീൻസ്‌ലാന്റിൽ ഭീതി വിതച്ചുകൊണ്ട് ‘നരെല്ലി’ (Cyclone Narelle) ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ നാലാം വിഭാഗത്തിൽപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായി ഇത് വടക്കൻ ക്വീൻസ്‌ലാന്റ് തീരത്ത് ആഞ്ഞടിക്കുമെന്നാണ് പ്രവചനം.

നിലവിൽ കോറൽ സീയിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിൽ ക്വീൻസ്‌ലാന്റ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഇത് മൂന്നാം വിഭാഗത്തിൽപ്പെട്ട ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും നിലവിൽ ഇതിന്റെ തീവ്രത വർദ്ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ഒന്നാം വിഭാഗത്തിൽപ്പെട്ട ചുഴലിക്കാറ്റായ നരെല്ലിയുടെ കേന്ദ്രഭാഗത്ത് മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് 120 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്.

ലോക്ക്ഹാർട്ട് റിവറിനും പോർട്ട് ഡഗ്ലസിനും ഇടയിലുള്ള തീരപ്രദേശങ്ങളിലാകും ചുഴലിക്കാറ്റ് പ്രധാനമായും ബാധിക്കുക. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോടെയോ കാറ്റ് കരതൊടുമെന്നാണ് കരുതുന്നത്. ടൗൺസ്‌വിൽ ഉൾപ്പെടെയുള്ള വടക്കൻ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ ആഘാതത്താൽ കനത്ത മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം , കടൽക്ഷോഭം എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾ തീരക്കടലിൽ മാത്രമായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷകൻ ഡീൻ നരമോർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *