ടെഹ്‌റാൻ: ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിയാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്‌ലാമിക വിപ്ലവത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മെഹർ’ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിൽ ലാരിയാനിക്കൊപ്പം ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സ് കമാൻഡർ ഗുലാം റിസ സുലൈമാനിയും (62) കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് അറിയിച്ചിരുന്നു. സുലൈമാനിയുടെ മരണം ഇറാൻ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപം മിസൈലുകൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആണവനിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ സുരക്ഷാ മേഖലയിലുണ്ടായ വലിയൊരു തിരിച്ചടിയായാണ് ലാരിയാനിയുടെ വധം വിലയിരുത്തപ്പെടുന്നത്.

