ബാഗ്ദാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ, റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായി. എംബസിക്ക് സമീപം സ്ഫോടനങ്ങൾ നടന്നതായും വിമാനത്താവളത്തിന് അടുത്തുള്ള യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണങ്ങൾ നടന്നത്. എംബസി ലക്ഷ്യമാക്കി വന്ന നാല് റോക്കറ്റുകൾ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഡ്രോണുകളിൽ ഒന്ന് എംബസി വളപ്പിനുള്ളിൽ വീണ് തീപിടുത്തമുണ്ടായതായും ദൃക്‌സാക്ഷികൾ പറഞ്ഞു.

കൂടാതെ, വിദേശ നയതന്ത്രജ്ഞർ താമസിക്കുന്ന അൽ-റഷീദ് ഹോട്ടലിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി.സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

ആക്രമണത്തെത്തുടർന്ന് ഗ്രീൻ സോണിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി ഈ ആക്രമണത്തെ ‘ഭീകരപ്രവർത്തനം’ എന്ന് വിശേഷിപ്പിക്കുകയും കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *