മെഡിക്കൽ കോളജ് തീപിടിത്തം: പുതിയ ഐസിയു യൂണിറ്റ് അടിയന്തരമായി തുറന്നു; രോഗികൾ സുരക്ഷിതർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പുതിയ ഐസിയു യൂണിറ്റ് അടിയന്തരമായി പ്രവർത്തനമാരംഭിച്ചു. ആശുപത്രി അധികൃതർ പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്.

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ തീപിടിത്തമുണ്ടായ സമയത്ത് അവിടെയുണ്ടായിരുന്ന 31 രോഗികളെയും ഉടൻ തന്നെ മറ്റ് ഐസിയു വിഭാഗങ്ങളിലേക്ക് മാറ്റി. ഇവർക്ക് പൊള്ളലോ മറ്റ് ശാരീരിക പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. രോഗികൾക്ക് നേരത്തെ ലഭിച്ചിരുന്ന തീവ്രപരിചരണ ചികിത്സകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ ഐസിയു യൂണിറ്റ് തുറന്നത്. മാറ്റപ്പെട്ട രോഗികൾക്ക് നിലവിൽ പുതിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

രക്ഷാപ്രവർത്തനത്തിനിടെ പുക ശ്വസിച്ച ചില ആശുപത്രി ജീവനക്കാർക്ക് നേരിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *