പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചു; ഓസ്‌ട്രേലിയയിൽ സാമ്പത്തികമാന്ദ്യ ഭീതി ശക്തമാകുന്നു

സിഡ്‌നി: പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) തുടർച്ചയായ രണ്ടാം തവണയും പലിശനിരക്ക് വർദ്ധിപ്പിച്ചു. ഇതോടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യതകൾ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ക്യാഷ് റേറ്റ് 25 ബേസിസ് പോയിന്റ് ഉയർത്തി 4.1 ശതമാനമാക്കാനാണ് മോണിറ്ററി ബോർഡ് തീരുമാനിച്ചത്. പലിശനിരക്ക് വർദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുമെങ്കിലും, പണപ്പെരുപ്പം കുറയ്ക്കുകയെന്നതിനാണ് മുൻഗണനയെന്ന് ആർബിഐ ഗവർണർ മിഷേൽ ബുള്ളക് വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മിഷേൽ ബുള്ളക് സൂചിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധന വിതരണത്തെ ബാധിക്കുമെന്നും അത് വിലക്കയറ്റത്തിന് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഊർജ്ജ വിലയിലുണ്ടാകുന്ന വർദ്ധനവ് പണപ്പെരുപ്പം ഉയർത്തുക മാത്രമല്ല, ഓസ്‌ട്രേലിയയുടെയും പ്രധാന വ്യാപാര പങ്കാളികളുടെയും സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

യുദ്ധം ആഗോളതലത്തിൽ തന്നെ സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിച്ചേക്കാമെന്ന് മുൻ ആർബിഐ അസിസ്റ്റന്റ് ഗവർണറും വെസ്റ്റ്പാക് ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റുമായ ലൂസി എല്ലിസ് നിരീക്ഷിച്ചു. ദീർഘകാലം നിലനിൽക്കുന്ന ഉയർന്ന ഊർജ്ജ വില ഉൽപ്പാദനത്തെ ബാധിക്കുമെന്നും ഇത് പണപ്പെരുപ്പം കുറയ്ക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്നും അവർ പറഞ്ഞു. സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പണപ്പെരുപ്പം കുറഞ്ഞ നിരക്കിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *