സിഡ്‌നിയിൽ കനത്ത മഴ; മിന്നൽ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സിഡ്‌നി: സിഡ്‌നി നഗരത്തിലും ന്യൂ സൗത്ത് വെയ്‌ൽസിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ രാത്രിയുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. വരും മണിക്കൂറുകളിലും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നഗരത്തിന്റെ ലോവർ നോർത്ത് ഷോർ മേഖലയിലുള്ള മോസ്‌മാനിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള ഒരു മണിക്കൂറിൽ മാത്രം 93 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

പേൾ ബീച്ച് റിസർവോയർ (64 മി.മീ), റോസ് ബേ (51 മി.മീ), ലിറ്റിൽ ബേ (44 മി.മീ) എന്നിവിടങ്ങളിലും പുലർച്ചെ റെക്കോർഡ് മഴ ലഭിച്ചു. സിഡ്‌നിയുടെ പടിഞ്ഞാറൻ മേഖലകളിലും സെൻട്രൽ എൻഎസ്ഡബ്ല്യു തീരപ്രദേശങ്ങളിലും സാവധാനം നീങ്ങുന്ന ഇടിമിന്നലോടു കൂടിയ മഴ തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ലണ്ടൻഡെറി, ക്രെയിൻബ്രൂക്ക്, നോർഡ്‌സ് വാർഫ് എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മെയ്‌റ്റ്‌ലാൻഡ്, ലേക്ക് മക്വാറി, റിച്ച്മണ്ട്, വിൻഡ്‌സർ തുടങ്ങിയ പ്രദേശങ്ങളെയും മഴ ബാധിച്ചേക്കും. പ്രാദേശിക മേഖലകളായ പെൻറിത്ത്, വ്യാങ്, ദി എൻട്രൻസ് എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അപ്പർ വെസ്റ്റേൺ ഡിസ്ട്രിക്റ്റിൽ ആറ് മണിക്കൂറിനുള്ളിൽ 50 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ടിബൂബുറ, വൈറ്റ് ക്ലിഫ്‌സ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *