പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു; ഈദുൽ ഫിത്തർ പ്രമാണിച്ച് നടപടി

ഇസ്ലാമാബാദ്: വരാനിരിക്കുന്ന ഈദുൽ ഫിത്തർ പ്രമാണിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. മാസങ്ങളായി തുടരുന്ന അതിർത്തി സംഘർഷങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും ഇതോടെ താൽക്കാലിക ശമനമാകും.

സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തത്.പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്താവുള്ള തരാർ ആണ് വെടിനിർത്തൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച അർദ്ധരാത്രി മുതൽ മാർച്ച് 23 തിങ്കളാഴ്ച അർദ്ധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാവുക.

ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സൗഹൃദ രാജ്യങ്ങളുടെ താൽപ്പര്യം മുൻനിർത്തിയുമാണ് ഈ ‘സൗമനസ്യ നടപടി’ എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പാകിസ്ഥാന് നേരെ എന്തെങ്കിലും തരത്തിലുള്ള അതിർത്തി ലംഘനമോ ഭീകരാക്രമണമോ ഉണ്ടായാൽ വെടിനിർത്തൽ അവസാനിപ്പിച്ച് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *