രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തള്ളി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി

കാൻബറ: മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തള്ളി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി. ജനങ്ങൾ അനാവശ്യമായി പെട്രോളും ഡീസലും സംഭരിക്കുന്നത് ഒഴിവാക്കണമെന്നും രാജ്യത്തെ ഇന്ധനശേഖരം സുരക്ഷിതമാണെന്നും നാഷണൽ ക്യാബിനറ്റ് യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

“ആവശ്യമുള്ളതിൽ കൂടുതൽ ഇന്ധനം വാങ്ങാതിരിക്കുക എന്നതാണ് ഇപ്പോൾ ഓരോ പൗരനും രാജ്യത്തോടും അയൽക്കാരോടും ചെയ്യാവുന്ന ഏറ്റവും വലിയ സഹായം,” പ്രധാനമന്ത്രി പറഞ്ഞു. ചില പ്രാദേശിക മേഖലകളിൽ വിതരണത്തിൽ താൽക്കാലിക തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും അത് സ്റ്റോക്കിന്റെ കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാഴ്ച മുൻപ് രാജ്യത്തുണ്ടായിരുന്ന അതേ അളവ് ഇന്ധനം ഇന്നും ലഭ്യമാണെന്നും എത്തുന്ന എല്ലാ കപ്പലുകളും സുരക്ഷിതമായി തീരത്തണഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇന്ധനവില അനാവശ്യമായി വർദ്ധിപ്പിക്കുകയും കൊള്ളലാഭമെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എ.സി.സി.സി-ക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ധനമെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആന്തിയ ഹാരിസിന്റെ നേതൃത്വത്തിൽ പ്രത്യേക ‘ഫ്യുവൽ സപ്ലയർ ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചതായും ആൽബനീസി അറിയിച്ചു. സംസ്ഥാനങ്ങളിലെ വിതരണച്ചുമതല അതത് സർക്കാരുകൾക്കാണെന്നും ടാസ്ക് ഫോഴ്സുമായി സഹകരിച്ച് ഉൾനാടൻ ഗ്രാമങ്ങളിലടക്കം ഇന്ധനലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *