ടൂറാക്കിലെ ‘സെക്യൂരിറ്റി സാമ്രാജ്യം’ വെറും തട്ടിപ്പ്; നൂറുകണക്കിന് പേരെ കബളിപ്പിച്ച മുൻ പിടിഎ പ്രസിഡന്റ് കുടുങ്ങി

മെൽബൺ: മെൽബണിലെ അതിസമ്പന്ന മേഖലയായ ടൂറാക്കിലെ (Toorak) മാന്യതയുള്ള ജീവിതശൈലിക്കും ആഡംബര മുഖംമൂടിക്കും പിന്നിൽ ഒളിഞ്ഞിരുന്നത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന വൻ തട്ടിപ്പ്. പ്രമുഖ പ്രൈവറ്റ് സ്കൂളിലെ പാരന്റ്സ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന റോക്‌സാൻ കെക്കാറ്റോസ് (38) ആണ് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സെക്യൂരിറ്റി സാമ്രാജ്യം കെട്ടിപ്പടുക്കുകയാണെന്ന വ്യാജേന നൂറുകണക്കിന് ഉദ്യോഗാർത്ഥികളെയും നിക്ഷേപകരെയും കബളിപ്പിച്ചത്.

‘ആരോ സെക്യൂരിറ്റി ഗ്രൂപ്പ്’ (Arrow Security Group) എന്ന പേരിൽ ആരംഭിച്ച കമ്പനി വഴി ഏഴായിരത്തോളം പേർക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വെസ്റ്റ്ഫീൽഡ് (Westfield) പോലുള്ള വമ്പൻ ഷോപ്പിംഗ് മാളുകളുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുണ്ടെന്നും സിഡ്‌നി ആസ്ഥാനമായുള്ള പ്രമുഖ നിക്ഷേപകൻ കുർട്ട് വിൽക്കിൻസന്റെ സാമ്പത്തിക പിന്തുണ തനിക്കുണ്ടെന്നും ഇവർ വിശ്വപ്പിച്ചു. എന്നാൽ ഈ കരാറുകളും രേഖകളും ഇൻവോയ്‌സുകളും എല്ലാം ഇവരുടെ ഭാവനയിൽ വിരിഞ്ഞ വെറും വ്യാജ സൃഷ്ടികളായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.

തട്ടിപ്പിന്റെ രീതി:

വ്യാജ ഇമെയിലുകൾ: നിക്ഷേപകൻ അയച്ചതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സ്വന്തമായി നിർമ്മിച്ച വ്യാജ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് ഇവർ ജീവനക്കാർക്ക് സന്ദേശങ്ങൾ അയച്ചിരുന്നു.

തൊഴിൽ തട്ടിപ്പ്: ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് മുന്നൂറിലധികം പേരെയാണ് ഇവർ ഇന്റർവ്യൂ ചെയ്തത്. ഇതിൽ പലരും പുതിയ ജോലിയുടെ വാഗ്ദാനം വിശ്വസിച്ച് തങ്ങളുടെ പഴയ ജോലികൾ രാജിവെച്ചിരുന്നു.

യൂണിഫോം ഓർഡർ: 7,000 ജീവനക്കാർക്കായി ഏകദേശം പത്തുലക്ഷം ഡോളറിന്റെ യൂണിഫോം ഓർഡർ നൽകിയതായി ഇവർ അവകാശപ്പെട്ടു. എന്നാൽ മാസങ്ങൾക്കു മുൻപേ ഈ ഓർഡർ റദ്ദാക്കിയതായും ഒരു പൈസ പോലും നൽകിയിട്ടില്ലെന്നും യൂണിഫോം വിതരണക്കാർ വെളിപ്പെടുത്തി.

പിടിക്കപ്പെട്ടത് ഇങ്ങനെ:

വെസ്റ്റ്ഫീൽഡ് മാളുകളിലെ സെക്യൂരിറ്റി ചുമതല ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്ന ദിവസത്തിന് തൊട്ടുമുൻപ് യൂണിഫോമുകൾ എത്താതിരുന്നതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെസ്റ്റ്ഫീൽഡ് അധികൃതർ ഇത്തരമൊരു കമ്പനിയുമായി കരാറില്ലെന്ന് വ്യക്തമാക്കി. കെക്കാറ്റോസ് തന്റെ പ്രധാന നിക്ഷേപകനെന്ന് അവകാശപ്പെട്ട കുർട്ട് വിൽക്കിൻസൺ, തനിക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് അഭിഭാഷകർ മുഖേന അറിയിച്ചതോടെ ഇവരുടെ തട്ടിപ്പ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു.

താൻ പറയുന്ന കള്ളങ്ങൾ തനിക്ക് തന്നെ സത്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കെക്കാറ്റോസ് പെരുമാറിയിരുന്നതായി വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പറഞ്ഞു. ആഡംബര വസ്ത്രങ്ങളും പെരുമാറ്റരീതികളും കാരണം ആരും ഇവരെ സംശയിച്ചിരുന്നില്ല. നിലവിൽ ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *