ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല; ഖത്തർ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ഖത്തറിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. ഈ മാസം അവസാനം വരാനിരിക്കുന്ന ഈദ് ആശംസകൾ അദ്ദേഹം അമീറിനും ഖത്തറിലെ ജനങ്ങൾക്കും കൈമാറി.

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഖത്തറിലെ റാസ് ലഫാൻ (Ras Laffan) വ്യവസായ നഗരത്തിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ച പശ്ചാത്തലത്തിലാണ് ഈ ചർച്ച. സിവിലിയൻ കേന്ദ്രങ്ങളെയും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾ ആഗോള ഊർജ്ജ സുരക്ഷയെ തകർക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ മൊത്തം എൽ.എൻ.ജി (LNG) ഇറക്കുമതിയുടെ 40 ശതമാനവും ഖത്തറിൽ നിന്നാണെന്നിരിക്കെ, ഈ പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചേക്കാം.

ഖത്തറിലുള്ള എട്ടു ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് നൽകുന്ന കരുതലിനും പിന്തുണയ്ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെയും സുരക്ഷിതമായും നടക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും അടിവരയിട്ടു പറഞ്ഞു.മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാൻ നയതന്ത്ര ചർച്ചകൾ അടിയന്തരമായി വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഖത്തറിന് പുറമെ ഫ്രാൻസ്, ജോർദാൻ, ഒമാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും പ്രധാനമന്ത്രി സംസാരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *