നിയമസഭാ തിരഞ്ഞെടുപ്പ് 2026: തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കളക്ടറേറ്റിലെ ജില്ലാ വെയർഹൗസിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകളാണ് റാൻഡമൈസേഷന് വിധേയമാക്കിയത്.

ജില്ലാ കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ നടന്ന നടപടികളിൽ ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മൂന്ന് ജനറൽ ഒബ്സർവർമാരും പങ്കെടുത്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വോട്ടിംഗ് മെഷീനുകൾ തരംതിരിക്കുന്ന പ്രക്രിയ നടന്നത്. റാൻഡമൈസേഷന് ശേഷം തയ്യാറാക്കിയ വോട്ടിംഗ് മെഷീനുകളുടെ പട്ടിക രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ജില്ലാ കളക്ടർ വിതരണം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റാൻഡമൈസേഷൻ നടത്തുന്നത്. ഇതിലൂടെ ഓരോ മണ്ഡലത്തിലേക്കും പോളിംഗ് സ്റ്റേഷനുകളിലേക്കും നൽകേണ്ട മെഷീനുകൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ക്രമത്തിലല്ലാതെ കമ്പ്യൂട്ടർ മുഖേന തിരഞ്ഞെടുക്കുന്നു. ജില്ലയിൽ ആകെ 3,173 പോളിംഗ് ബൂത്തുകളാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 440 പുതിയ ബൂത്തുകളും ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ മെഷീനുകൾ അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *