മെൽബൺ: ലോക സന്തോഷ സൂചികയിൽ (World Happiness Report) വലിയ തിരിച്ചടി നേരിട്ട് ഓസ്ട്രേലിയ. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗം മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഓസ്ട്രേലിയയുടെ റാങ്കിംഗിൽ ഇടിവുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് സ്ഥാനങ്ങൾ താഴ്ന്ന് പതിനഞ്ചാം റാങ്കിലാണ് നിലവിൽ ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.
സൂചികയുടെ ചരിത്രത്തിൽ ഭൂരിഭാഗം സമയവും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരുന്ന ഓസ്ട്രേലിയ, 2025-ലാണ് ആദ്യമായി പത്തിന് പുറത്തായത്. ഇത്തവണത്തെ റിപ്പോർട്ട് പ്രകാരം 25 വയസ്സിൽ താഴെയുള്ളവരുടെ സന്തോഷത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ വലിയ തകർച്ചയാണ് നേരിടുന്നത്. 136 രാജ്യങ്ങളുടെ പട്ടികയിൽ യുവാക്കളുടെ സന്തോഷത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങൾ 122-നും 133-നും ഇടയിലുള്ള വളരെ താഴ്ന്ന റാങ്കുകളിലാണുള്ളത്.
യുവാക്കളുടെ മാനസികാരോഗ്യം തകരുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് നേരിട്ടുള്ള പങ്കുണ്ടെന്ന് 200-ഓളം പേജുകളുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓസ്ട്രേലിയയിൽ നടത്തിയ വിവിധ സർവേകളിൽ, തങ്ങളുടെ മാനസിക സമ്മർദ്ദത്തിന് പ്രധാന കാരണം സോഷ്യൽ മീഡിയയാണെന്ന് യുവാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വടക്കേ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്.
ഈ സാഹചര്യത്തിൽ, കഴിഞ്ഞ വർഷം അവസാനം ഓസ്ട്രേലിയ നടപ്പിലാക്കിയ ‘സോഷ്യൽ മീഡിയ നിയന്ത്രണം’ ലോകത്തിന് തന്നെ മാതൃകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിനും നിലനിർത്തുന്നതിനും ഓസ്ട്രേലിയ ഏർപ്പെടുത്തിയ വിലക്ക് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ നടപടിയാണെന്ന് റിപ്പോർട്ടിന്റെ രചയിതാക്കൾ അഭിപ്രായപ്പെട്ടു.
പട്ടികയിൽ ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഐസ്ലൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിലുണ്ട്. അയൽരാജ്യമായ ന്യൂസിലാൻഡ് പതിനൊന്നാം സ്ഥാനത്താണ്. അതേസമയം, അമേരിക്ക 23-ാം സ്ഥാനത്തേക്കും ബ്രിട്ടൻ 29-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

