ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഖത്തറിന്റെ എൽഎൻജി ശേഖരത്തിന്റെ 17 ശതമാനത്തോളം നശിപ്പിക്കപ്പെട്ടതായി ഖത്തർ വ്യക്തമാക്കി. ഇത് ആഗോള വാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും എൽഎൻജി കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി താൽക്കാലികമായി ഉത്പാദനം നിർത്തിവെച്ചു.വരും വർഷങ്ങളിൽ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസ്സപ്പെടുമെന്ന് ഖത്തർ അറിയിച്ചു. തകരാറുകൾ പരിഹരിച്ച് പ്ലാന്റ് പൂർണ്ണമായി പ്രവർത്തനസജ്ജമാകാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ എടുത്തേക്കാം.ഏകദേശം 2,000 കോടി ഡോളറിന്റെ വാർഷിക വരുമാന നഷ്ടമാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ വാതക വില വർദ്ധിക്കുന്നതിനും ഇത് കാരണമാകും.റംസാൻ മാസത്തിൽ ഒരു അയൽ മുസ്ലിം രാജ്യം ഇത്തരമൊരു ആക്രമണം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഖത്തർ എനർജി സിഇഒയും ഊർജ്ജ മന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു.
ഈ ആക്രമണം മേഖലയുടെ വികസനത്തെ 10 മുതൽ 20 വർഷം വരെ പിന്നോട്ടടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഖത്തറിലെ വാതക ഉത്പാദനം തടസ്സപ്പെടുന്നത് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

