ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക; പിൻവാങ്ങൽ സൂചനയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നത് അമേരിക്കയുടെ പരിഗണനയിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആഴ്ചകളായി തുടരുന്ന കടുത്ത സൈനിക നീക്കങ്ങൾക്ക് ശേഷം സംഘർഷം ലഘൂകരിക്കാനുള്ള സൂചനയാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇതൊരു സമ്പൂർണ്ണ ‘വെടിനിർത്തൽ ആയി പ്രഖ്യാപിച്ചിട്ടില്ല.

ഇറാനെതിരെ നടത്തിയ ബോംബിംഗ് ക്യാമ്പെയ്‌നുകൾ അതിന്റെ ലക്ഷ്യത്തിൽ എത്തിയെന്നും ഇനി കാര്യങ്ങൾ വിലയിരുത്തേണ്ട സമയമാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നടത്തിയ സമാധാനാഭ്യർത്ഥനകളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് കരുതപ്പെടുന്നു.ട്രംപിന്റെ ഈ പ്രസ്താവന ആഗോള എണ്ണ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നൽകിയെങ്കിലും, ഇറാന്റെ വശത്തുനിന്നുള്ള പ്രതികരണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദങ്ങളും വരും ദിവസങ്ങളിൽ നിർണ്ണായകമാകും. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സമാന്തരമായി നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *