ഓസ്‌ട്രേലിയൻ പോലീസ് തങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന വെളിപ്പെടുത്തലുമായി ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ 

മെൽബൺ/ടെഹ്റാൻ: ഓസ്‌ട്രേലിയയിൽ അഭയം തേടാൻ ഓസ്‌ട്രേലിയൻ പോലീസ് തങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന വെളിപ്പെടുത്തലുമായി ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ രംഗത്തെത്തി. ഏഷ്യൻ കപ്പ് ടൂർണമെന്റിന് ശേഷം തിരികെ ഇറാനിലേക്ക് മടങ്ങിയ താരങ്ങൾ ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിമാനത്താവളത്തിൽ നേരിട്ട നാടകീയ സംഭവങ്ങൾ വിവരിച്ചത്.

ഓസ്‌ട്രേലിയൻ പോലീസ് തങ്ങളെ പ്രത്യേക മുറികളിലേക്ക് മാറ്റി വിചിത്രമായ ചോദ്യങ്ങൾ ചോദിച്ചതായി മിഡ്ഫീൽഡർ ഫാത്തിമ ഷബാൻ പറഞ്ഞു. “ഇറാനിൽ യുദ്ധമാണെന്നും മടങ്ങിപ്പോകുന്നത് അപകടമാണെന്നും പറഞ്ഞ് അവർ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചു. നാട്ടിലേക്ക് പോകണോ അതോ ഇവിടെ നിൽക്കണോ എന്ന് തീരുമാനിക്കാൻ ഉടൻ തന്നെ വീട്ടുകാരെ വിളിക്കാൻ അവർ നിർബന്ധിച്ചു. എന്നാൽ തന്റെ മാതൃരാജ്യത്തേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് താൻ ഉറപ്പിച്ചു പറഞ്ഞതായും” ഫാത്തിമ വ്യക്തമാക്കി. തന്റെ മാതാപിതാക്കളുടെ ഒരു മുടിനാരിഴ പോലും അമേരിക്കയ്‌ക്കോ ഓസ്‌ട്രേലിയയ്‌ക്കോ വേണ്ടി താൻ വിട്ടുകൊടുക്കില്ലെന്ന് മറ്റൊരു താരം വികാരാധീനയായി പ്രതികരിച്ചു.

ഇറാനിൽ തിരിച്ചെത്തിയ താരങ്ങൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ജനക്കൂട്ടം ദേശീയ പതാകയേന്തിയും പൂച്ചെണ്ടുകൾ നൽകിയും താരങ്ങളെ സ്വീകരിച്ചു. അതേസമയം, ടീമിലെ അംഗങ്ങളായ ഫാത്തിമ പസന്ദീദ, ആതിഫ റമസാനിസാദെ എന്നിവർ ഓസ്‌ട്രേലിയയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഇവർ നിലവിൽ ബ്രിസ്‌ബേൻ റോർ ക്ലബ്ബിനൊപ്പം പരിശീലനം നടത്തിവരികയാണ്. ആദ്യം അഭയം തേടാൻ ആലോചിച്ചിരുന്ന ചില താരങ്ങൾ പിന്നീട് തീരുമാനം മാറ്റിയാണ് ഇറാനിലേക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *