സിഡ്നി: സിഡ്നിയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിലും മഴയിലും വൻ നാശനഷ്ടം. ഗോൾഫ് ബോളിന്റെ വലുപ്പമുള്ള ആലിപ്പഴങ്ങളാണ് നഗരത്തിന്റെ പലയിടങ്ങളിലും പതിച്ചത്. സിഡ്നിക്ക് പുറമെ എൻ.എസ്.ഡബ്ല്യു (NSW) ലെ സിംഗിൾട്ടൺ, വാറഗാംബ എന്നിവിടങ്ങളിലും കനത്ത ആലിപ്പഴ വീഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 3.30-ഓടെ നഗരത്തിൽ അസാധാരണമാംവിധം ഇരുട്ട് പടരുകയും പിന്നാലെ ശക്തമായ കാറ്റും മഴയും എത്തുകയുമായിരുന്നു. പെൻറിത്തിൽ വൈകുന്നേരം 4 മണിയോടെ 5 സെന്റീമീറ്റർ വലുപ്പമുള്ള ആലിപ്പഴങ്ങൾ വീണതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BOM) സ്ഥിരീകരിച്ചു. വെസ്റ്റേൺ സിഡ്നി എയർപോർട്ടിൽ മണിക്കൂറിൽ 91 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (Flash Flooding) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹണ്ടർ, ഇല്ലവാറ, മെട്രോപൊളിറ്റൻ തുടങ്ങി സിഡ്നിയുടെ പ്രധാന മേഖലകളിൽ ഇപ്പോഴും അതീവ ജാഗ്രത തുടരുകയാണ്. ശക്തമായ കാറ്റിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും മണിക്കൂറുകളിലും സിഡ്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരാനാണ് സാധ്യത.

