അഡ്‌ലെയ്‌ഡ്/മെൽബൺ: സൗത്ത് ഓസ്‌ട്രേലിയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വൺ നേഷൻ പാർട്ടി കാഴ്ചവെച്ച അപ്രതീക്ഷിത മുന്നേറ്റം അയൽസംസ്ഥാനമായ വിക്ടോറിയയിലും രാഷ്ട്രീയ ഭൂകമ്പത്തിന് വഴിതെളിക്കുന്നു. പ്രീമിയർ പീറ്റർ മാലിനാസ്കസിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം നിലനിർത്തിയെങ്കിലും, വൺ നേഷൻ പാർട്ടി ലിബറലുകളെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ലേബറിന്റെ വോട്ടുവിഹിതത്തിൽ വിള്ളലുണ്ടാക്കുകയും ചെയ്തത് വിക്ടോറിയൻ പ്രീമിയർ ജാസിന്ത അലന് വലിയ ഭീഷണിയാവുകയാണ്.
സൗത്ത് ഓസ്‌ട്രേലിയയിലെ ഈ ഫലം നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിക്ടോറിയയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വൺ നേഷൻ പാർട്ടിയുടെ കുതിപ്പ് വിക്ടോറിയൻ ലേബർ പാർട്ടിയിൽ വലിയ തോതിലുള്ള നേതൃമാറ്റ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. വരും ആഴ്ചകളിൽ തന്നെ ജാസിന്ത അലൻ പ്രീമിയർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ജാസിന്ത അലൻ കഴിഞ്ഞ ദിവസം ലേബർ പാർട്ടിയിലെ എം.എൽ.എമാരുമായി ചൈനാ ടൗണിലെ ഒരു റെസ്റ്റോറന്റിൽ ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിൽ തനിക്ക് പൂർണ്ണ പിന്തുണയുണ്ടെന്നും ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് ജാസിന്ത അലന്റെ നിലപാട്. നിലവിൽ വിക്ടോറിയയിലെ സർവ്വേകളിൽ ലേബർ പാർട്ടി ലിബറലുകൾക്ക് പിന്നിലാണെന്നതും വൺ നേഷൻ പാർട്ടി ശക്തിപ്രാപിക്കുന്നതും ലേബർ ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്

