ജെറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. തെക്കൻ നഗരങ്ങളായ ഡിമോണ (Dimona), അരാദ് (Arad) എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഡിമോണയിലെ ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ മിസൈലുകളെ തടയുന്നതിൽ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതായി സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിക്കുകയായിരുന്നു.ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ ചിലരുടെ നില ഗുരുതരമാണ്.തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഈ നീക്കം നടത്തിയത്.
വരും ദിവസങ്ങളിൽ ആക്രമണം ശക്തമാകുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രതികരിച്ചു. അതേസമയം, വൈറ്റ് ഹൗസിന്റെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചതായും സൂചനകളുണ്ട്.

