കൊൽക്കത്ത: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണപ്പെട്ട യുവാവിന്റെ ശരീരത്തിൽ ഒന്നിലധികം മുറിവുകളും ഗുരുതരമായ പരിക്കുകളും ഉള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊൽക്കത്ത പോലീസാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടത്.വെള്ളിയാഴ്ച പുലർച്ചെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങി അരുപ് ബന്ദോപാധ്യായ (40) എന്ന യുവാവ് മരിച്ചത്. തന്റെ മകന്റെ ചികിത്സയ്ക്കായി ഭാര്യയോടൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു അരുപ്. മകനൊപ്പം ഭാര്യയെ നിർത്തിയ ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ഇയാൾ ലിഫ്റ്റിൽ കുടുങ്ങിയത്.ലിഫ്റ്റിലുണ്ടായ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് അധികൃതരും സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
കൊൽക്കത്ത ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി മരണം; ശരീരത്തിൽ ഗുരുതര പരിക്കുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

