അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ തകിടംമറിച്ചുകൊണ്ട് പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടി കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചു. പ്രധാന പാർട്ടികളായ ലേബറിനും ലിബറലിനും വോട്ട് വിഹിതത്തിൽ വലിയ ഇടിവുണ്ടായപ്പോൾ, 21 ശതമാനം വോട്ടുകൾ നേടി വൺ നേഷൻ രണ്ടാം സ്ഥാനത്തെത്തിയത് ഫെഡറൽ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് സൂചന നൽകുന്നു.
പീറ്റർ മലിനാസ്കാസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരം നിലനിർത്തിയെങ്കിലും, അവരുടെ പ്രാഥമിക വോട്ട് വിഹിതം 38 ശതമാനമായി കുറഞ്ഞു. എന്നാൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ലിബറൽ പാർട്ടിക്കാണ്. കേവലം 19 ശതമാനം വോട്ടുകൾ മാത്രം നേടാനായ ലിബറലുകളെ പിന്നിലാക്കിയാണ് വൺ നേഷൻ ചരിത്രപരമായ മുന്നേറ്റം നടത്തിയത്. സഖ്യകക്ഷികൾക്കിടയിലെ നയപരമായ പാളിച്ചകളും വ്യക്തമായ ദിശാബോധമില്ലായ്മയും സൃഷ്ടിച്ച ‘ശൂന്യത’ വൺ നേഷൻ കൃത്യമായി മുതലെടുത്തുവെന്ന് മുൻ നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡ് നിരീക്ഷിച്ചു.
ജനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളോടുള്ള അതൃപ്തിയാണ് ഈ ഫലത്തിലൂടെ പുറത്തുവരുന്നതെന്ന് ലിറ്റിൽപ്രൗഡ് പറഞ്ഞു. “ആളുകൾ രോഷാകുലരാണ്, അവർക്ക് പ്രതീക്ഷയും വ്യക്തമായ നയങ്ങളുമാണ് വേണ്ടത്. പ്രധാന പാർട്ടികൾക്കെല്ലാം 20-30 ശതമാനം വോട്ടുകൾക്കായി പൊരുതേണ്ടി വരുന്നത് ഇതിന്റെ സൂചനയാണ്,” അദ്ദേഹം വ്യക്തമാക്കി. വിക്ടോറിയ തിരഞ്ഞെടുപ്പിലും ഫാറർ ഉപതിരഞ്ഞെടുപ്പിലും ഇതേ തരംഗം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പോളിൻ ഹാൻസൻ. സൗത്ത് ഓസ്‌ട്രേലിയയിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ ഹാൻസൻ, വരും തിരഞ്ഞെടുപ്പുകളിൽ കൂടുതൽ കരുത്തോടെ പോരാടുമെന്നും പ്രഖ്യാപിച്ചു.

