മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധന മോഷണം വർദ്ധിക്കുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിയാണ് വിലക്കയറ്റത്തിന് കാരണമായത്. അൺലെഡഡ് പെട്രോൾ ലിറ്ററിന് 3 ഡോളറിലേക്ക് അടുത്തതോടെ സാധാരണക്കാരും ബിസിനസ് സ്ഥാപനങ്ങളും കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
വിക്ടോറിയയിലെ കൈനെറ്റൺ (Kyneton) മേഖലയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഇന്ധന ടാങ്കുകൾ തകർത്ത് മോഷണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച രാവിലെക്കുമിടയിൽ വെഡ്ജ്, പോവ്‌ലെറ്റ് സ്ട്രീറ്റുകളിൽ നിർത്തിയിട്ടിരുന്ന കാറുകളുടെ ഇന്ധന ക്യാപ്പുകളിൽ മാറ്റം വരുത്തിയ നിലയിൽ കണ്ടെത്തി. വിക്ടോറിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വീൻസ്‌ലൻഡിലും സമാനമായ രീതിയിൽ ട്രക്കുകളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്ന സംഘങ്ങൾ സജീവമാണ്. റെസ്റ്റ് സ്റ്റോപ്പുകളിൽ ഡ്രൈവർമാർ ഉറങ്ങുന്ന സമയത്ത് ഇന്ധനം ഊറ്റിയെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ ടാങ്കുകൾ പൂട്ടി വെക്കണമെന്ന് ആംബ്രോസ് ഹോളേജ് (Ambrose Haulage) പോലുള്ള ട്രാൻസ്‌പോർട്ട് കമ്പനികൾ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
ഇന്ധന ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വൺ നേഷൻ നേതാവ് ബാർണബി ജോയ്‌സ് രംഗത്തെത്തി. നിലവിലെ ശേഖരം ഏപ്രിൽ അവസാനത്തോടെ തീരാൻ സാധ്യതയുണ്ടെന്നും ഹോർമുസ് കടലിടുക്ക് (Strait of Hormoz) അടഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ധനം ലാഭിക്കുന്നതിനായി ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണമെന്നും ഇന്റർനാഷണൽ എനർജി ഏജൻസി (IEA) ഓസ്‌ട്രേലിയക്കാരോട് നിർദ്ദേശിച്ചു.

