പസഫിക് സമുദ്രത്തിലെ ശാന്തതയ്ക്ക് മേൽ അശാന്തിയുടെ കരിനിഴൽ വീഴുന്നുവോ?
ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് നൽകുന്ന സൂചനകൾ അത്ര ശുഭകരമല്ല. അഞ്ച് വർഷത്തിനുള്ളിൽ ഒരു വിദേശ സൈനികാക്രമണം ഉണ്ടായേക്കാമെന്ന് പകുതിയോളം ഓസ്ട്രേലിയക്കാർ ഭയപ്പെടുമ്പോൾ, അത് കേവലം ഒരു യുദ്ധഭീതിയല്ല, മറിച്ച് മാറുന്ന ആഗോള രാഷ്ട്രീയ ക്രമത്തോടുള്ള ഒരു ജനതയുടെ സ്വാഭാവിക പ്രതികരണമാണ്.
ഏറ്റവും ശ്രദ്ധേയമായത് ഓസ്ട്രേലിയയിലെ യുവതലമുറയിലുണ്ടായ മാറ്റമാണ്. 18-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ ദേശീയ സുരക്ഷാ ആശങ്ക 22 ശതമാനത്തിൽ നിന്നും 55 ശതമാനമായി കുതിച്ചുയർന്നത് ഗൗരവകരമായ ഒരു സാമൂഹിക സൂചനയാണ്. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ വിരൽത്തുമ്പിലുള്ള യുവാക്കൾ, ആഗോളതലത്തിലെ അസ്ഥിരതകളെ എത്രത്തോളം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നതിന്റെ തെളിവാണിത്.

യഥാർത്ഥത്തിൽ, ഈ ഭീതിക്ക് കാരണമാകുന്നത് അതിർത്തിയിലെ സൈനിക നീക്കങ്ങൾ മാത്രമല്ല. ആധുനിക യുദ്ധമുറകൾ മാറിയിരിക്കുന്നു. സൈബർ ആക്രമണങ്ങൾ, കൃത്രിമ ബുദ്ധി അഥവാ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള അട്ടിമറികൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള വിദേശ ഇടപെടലുകൾ എന്നിവയാണ് ഇന്നത്തെ പ്രധാന ആയുധങ്ങൾ. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം, ആറ് ഇന്ധന കപ്പലുകൾ റദ്ദാക്കപ്പെട്ടതും ഏഷ്യൻ റിഫൈനറികളിൽ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതും വെറുമൊരു വാർത്തയല്ല; മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലിനെ ബാധിക്കുന്ന സുരക്ഷാ ഭീഷണിയാണ്.
കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ദേശീയ സുരക്ഷയുടെ ഭാഗമായി ജനങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു എന്നത് ശുഭോദർക്കമായ കാര്യമാണ്. തോക്കുകൾക്കും മിസൈലുകൾക്കും അപ്പുറം, ഒരു രാജ്യത്തിന്റെ സുരക്ഷ എന്നത് അതിന്റെ ഊർജ്ജലഭ്യതയിലും, സൈബർ ഇടങ്ങളിലെ പ്രതിരോധത്തിലും, കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിലുമാണ് ഇരിക്കുന്നത്.
പസഫിക് മേഖലയിലെ വൻശക്തികളുടെ ബലപരീക്ഷണം മുറുകുമ്പോൾ, ഓസ്ട്രേലിയൻ ജനതയുടെ ഈ ആശങ്കകളെ സർക്കാർ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിലാണ് രാജ്യത്തിന്റെ ഭാവി ഇരിക്കുന്നത്. സ്വയം പ്രതിരോധത്തിനുള്ള കരുത്ത് വർധിപ്പിക്കുമ്പോഴും, നയതന്ത്ര ചർച്ചകളിലൂടെ സമാധാനം ഉറപ്പാക്കാൻ കാൻബറ ശ്രമിക്കേണ്ടതുണ്ട്. വരാനിരിക്കുന്നത് വെല്ലുവിളികളുടെ പതിറ്റാണ്ടാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു; ഇനി പന്ത് ഭരണാധികാരികളുടെ കോർട്ടിലാണ്.
ചീഫ് എഡിറ്റർ
Dr Babu Philip Anjanattu

