ഹോബാർട്ട്: ടാസ്മാനിയൻ തീരത്ത് ഉൾക്കടലിൽ ബോട്ട് മുങ്ങി 16 മണിക്കൂറോളം വെള്ളത്തിൽ ഒഴുകി നടന്ന ആറ് വയസ്സുകാരനടക്കം മൂന്ന് പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന 36 വയസ്സുകാരനെ തിങ്കളാഴ്ച ഉച്ചയോടെ റോബിൻസ് ഐലൻഡിന്റെ കിഴക്കൻ ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് ദുരന്തത്തിനാസ്പദമായ സംഭവം നടന്നത്.
സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മോണ്ടേഗു ക്യാമ്പ് ഗ്രൗണ്ടിൽ താമസിച്ചിരുന്ന നാലംഗ സംഘം ശനിയാഴ്ച വൈകുന്നേരം 5:30-ഓടെയാണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. രാത്രി ഒൻപത് മണിയോടെ ഇവരുടെ ബോട്ട് തകരുകയും നാലുപേരും കടലിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു എന്നാണ് പോലീസ് നിഗമനം. സംഘം തിരിച്ചെത്താത്തതിനെത്തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് വെസ്റ്റ്പാക് റെസ്ക്യൂ ഹെലികോപ്റ്റർ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 33 വയസ്സുകാരനായ പുരുഷനെയും 27 വയസ്സുകാരിയായ യുവതിയെയും ആറ് വയസ്സുള്ള കുട്ടിയെയും റോബിൻസ് പാസേജിൽ കണ്ടെത്തുന്നത്. 16 മണിക്കൂറോളം കടലിൽ ഒഴുകി നടന്ന ഇവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതാണ് ജീവൻ നിലനിർത്താൻ സഹായിച്ചത്. ഇവരെ ഉടൻ തന്നെ നോർത്ത് വെസ്റ്റ് റീജിയണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കാണാതായ 36 വയസ്സുകാരനായി കരയിലും വായുവിലും നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ടാസ്മാനിയ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

