മെൽബൺ: മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടച്ചതും ഇന്ധനവില കുതിച്ചുയരുന്നതും ഓസ്‌ട്രേലിയയിലെ വിമാനയാത്രാ നിരക്കുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അന്താരാഷ്ട്ര യാത്രകളെ ബാധിച്ച ഈ പ്രതിസന്ധി ഉടൻ തന്നെ ആഭ്യന്തര വിമാന സർവീസുകളെയും ബാധിക്കുമെന്നും യാത്രാ നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗമായ എ.സി.സി.സി. അറിയിച്ചു.
യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ നിലവിലുള്ള ഉപഭോക്തൃ നിയമങ്ങൾ പ്രകാരമുള്ള പരിരക്ഷ യാത്രക്കാർക്ക് ലഭിച്ചേക്കില്ലെന്ന് എ.സി.സി.സി. വ്യക്തമാക്കി. വിദേശ സർക്കാരുകൾ വ്യോമപാത അടയ്ക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും മൂന്നാം കക്ഷിയുടെ ഇടപെടലായി കണക്കാക്കുന്നതിനാലാണിത്. എങ്കിലും, യാത്രക്കാർക്ക് നൽകേണ്ട റീഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തുകയോ അമിതമായി നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.സി.സി.സി. കമ്മീഷണർ അന്ന ബ്രേക്കി അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് 25 ശതമാനം യാത്രക്കാർ തങ്ങളുടെ യാത്രകൾ മാറ്റിവയ്ക്കുകയും 12 ശതമാനം പേർ യാത്രകൾ റദ്ദാക്കുകയും ചെയ്തതായി Money.com.au-ൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. വിമാനക്കമ്പനികൾ സാധാരണയായി അധിക ഇന്ധനം കരുതാറുണ്ടെങ്കിലും പ്രതിസന്ധി നീണ്ടുനിൽക്കുന്നത് ആഭ്യന്തര സർവീസുകളെയും ബാധിക്കും. വിദേശയാത്രകൾ പ്ലാൻ ചെയ്തവർ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണമെന്നും വിവരങ്ങൾ തിരക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

