ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ചികിത്സയ്ക്കായി എത്തിയ 30-കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിലെ ബദ്ഗോണ്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയുടെ അറസ്റ്റിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം ഇയാളുടെ വീട് അടിച്ചുതകർക്കുകയും മോട്ടോർ സൈക്കിളിന് തീയിടുകയും ചെയ്തു. വയറുവേദനയെത്തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഡോക്ടർ ഷാഹിദ് (സയീദ് ഖാൻ) എന്നയാളുടെ ക്ലിനിക്കിൽ യുവതി എത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം ഡോക്ടർ തന്നെ പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ പാതാൾപാനിയിലെ റിസോർട്ടിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (BNS), മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഡോക്ടറുടെ അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ ഒരു കൂട്ടം ആളുകൾ ഇയാളുടെ വീടിന് നേരെ ആക്രമണം നടത്തി. വീടിന്റെ വാതിലുകളും ജനലുകളും തകർക്കുകയും വീട്ടിലുണ്ടായിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടർ പിടിയിൽ; രോഷാകുലരായ ജനക്കൂട്ടം വീട് അടിച്ചുതകർത്തു

