ന്യൂഡൽഹി: ഇന്ത്യയിൽ ‘കരുണാവധം’ നടപ്പിലാക്കാൻ സുപ്രീം കോടതി അനുമതി നൽകിയ ആദ്യ വ്യക്തിയായ ഹരീഷ് റാണ (32) അന്തരിച്ചു. 13 വർഷമായി അബോധാവസ്ഥയിൽകഴിഞ്ഞിരുന്ന അദ്ദേഹത്തിന് നൽകിയിരുന്ന കൃത്രിമ ജീവൻരക്ഷാ ഉപാധികൾ പിൻവലിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് ഡൽഹി എയിംസിലെ (AIIMS) പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം 4:10-ഓടെയായിരുന്നു അന്ത്യം.2013-ൽ ചണ്ഡിഗഡിലെ പഞ്ചാബ് സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയായിരിക്കെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതോടെയാണ് ഹരീഷ് റാണയുടെ ജീവിതം കിടക്കയിലായത്. ശരീരം പൂർണ്ണമായും തളർന്ന (Quadriplegia) അവസ്ഥയിലായിരുന്ന അദ്ദേഹത്തിന് കൃത്രിമ ഭക്ഷണത്തിലൂടെയും ഓക്സിജനിലൂടെയുമാണ് ജീവൻ നിലനിർത്തിയിരുന്നത്. ഹരീഷ് റാണയുടെ പിതാവ് അശോക് റാണ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി മാർച്ച് 11-ന് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. രോഗമുക്തിക്ക് യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിൽ, അന്തസ്സോടെയുള്ള മരണത്തിനുള്ള അവകാശം (Right to Die with Dignity) മുൻനിർത്തി ചികിത്സ പിൻവലിക്കാൻ കോടതി അനുമതി നൽകി. ഇന്ത്യയിൽ ഇത്തരമൊരു അനുമതി ലഭിക്കുന്ന ആദ്യത്തെ കേസായിരുന്നു ഇത്.കോടതി നിർദ്ദേശപ്രകാരം ഘട്ടം ഘട്ടമായാണ് അദ്ദേഹത്തിന് നൽകിയിരുന്ന കൃത്രിമ പോഷകാഹാരവും ജലാംശവും പിൻവലിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ഈ നടപടികൾ പൂർത്തിയാക്കിയത്.
രാജ്യത്തെ ആദ്യ ‘കരുണാവധ’ വിധി; ഹരീഷ് റാണ അന്തരിച്ചു

